ഛത്തീസ്ഗഢിലെ ബേമെറ്റാര ജില്ലയിൽ ലൈംഗികാതിക്രമശ്രമം തടയാൻ ശ്രമിച്ച 50 വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി നദിയിൽ ഉപേക്ഷിച്ച സംഭവത്തിൽ 42-കാരനായ രാംപ്രസാദ് സോൻവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 6-ന് രാത്രിയാണ് സംഭവം നടന്നത്. പ്രതി സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. സ്ത്രീ ശക്തമായി എതിർത്തതോടെ പ്രതി അവരെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകത്തിന് പിന്നാലെ പ്രതി മൃതദേഹം കഷണങ്ങളാക്കി ശിവ്നാഥ് നദിയിൽ ഉപേക്ഷിച്ചു. തുടർന്ന് നദിക്കു സമീപത്തെ ഒരു തോട്ടിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. കൂടാതെ, സ്ത്രീയുടെ വീട്ടിൽ നിന്ന് 2,500 രൂപ മോഷ്ടിച്ചതായും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.