ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിൽ നിന്ന് വീണ് 5 യാത്രക്കാർക്ക് ദാരുണാന്ത്യം. പന്ത്രണ്ടോളം യാത്രക്കാർക്ക് പരിക്കേറ്റു. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിൽ നിന്ന് താനെയിലെ കസാരയിലേക്ക് പോകുകായിരുന്ന ലോക്കൽ ട്രെയിനിൽ നിന്നാണ് യാത്രക്കാർ പുറത്തേക്ക് വീണത്. പരിക്കേറ്റവരിൽ പലരുടെയും ആരോഗ്യനില മോശമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. റെയിൽവേ ഉദ്യോഗസ്ഥരും ലോക്കൽ പോലീസും സംഭവസ്ഥലത്തെത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 5 പേർക്ക് ജീവൻ നഷ്ടമായി. പരിക്കേറ്റവരിൽ പലരുടെയും പരിക്ക് ഗുരുതരമാണ്. അപകടസ്ഥലം പരിശോധിച്ച റെയിൽവേ അന്വേഷണം ആരംഭിച്ചു. താനെ ജില്ലയിലെ മുംബ്ര സ്റ്റേഷന് സമീപമാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് നിരവധി ലോക്കൽ ട്രെയിനുകളുടെ സർവീസിനെ ബാധിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സെൻട്രൽ റെയിൽവേ അറിയിച്ചു.