2026-27 സാമ്പത്തിക വർഷത്തിൻ്റെ ആദ്യപാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 7.8 ശതമാനം വളർച്ച രേഖപ്പെടുത്തി. സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ശക്തമായ സാമ്പത്തിക വളർച്ച വ്യക്തമാകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ–ജൂൺ പാദത്തിൽ രേഖപ്പെടുത്തിയ 6.9 ശതമാനത്തെ അപേക്ഷിച്ച് ഇത്തവണ വളർച്ച ഉയർന്നു. ആദ്യപാദത്തിൽ ഏഴ് ശതമാനം വളർച്ചയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ചിരുന്നത്. എന്നാൽ പ്രവചനത്തെ മറികടന്ന് 7.8 ശതമാനം വളർച്ച കൈവരിക്കുകയായിരുന്നു.

ജിഡിപി കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണവുമായി രംഗത്തെത്തി. ആഗോള സാമ്പത്തിക അസ്ഥിരത, ഉയർന്ന എണ്ണവില, വിതരണശൃംഖലയിലെ വെല്ലുവിളികൾ തുടങ്ങിയ പ്രതിസന്ധികൾക്കിടയിലും ഇന്ത്യക്ക് ശക്തമായ വളർച്ച കൈവരിക്കാനായത് രാജ്യത്തെ ജനങ്ങളുടെ കൂട്ടായ കരുത്തിൻ്റെ തെളിവാണെന്ന് മോദി പറഞ്ഞു.

‘ദോഷൈകദൃക്കുകൾ പരാജയപ്പെട്ടു, ഇന്ത്യ വീണ്ടും പൂത്തുലയുന്നു’ എന്നായിരുന്നു ജിഡിപി വളർച്ചയെക്കുറിച്ചുള്ള മോദിയുടെ പ്രതികരണം. മികച്ച വളർച്ചാ നിരക്ക് രാജ്യത്തിൻ്റെ സാമ്പത്തിക ശക്തിയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യപാദത്തിലെ വളർച്ചയ്ക്ക് സാമ്പത്തിക സേവനങ്ങൾ, റിയൽ എസ്റ്റേറ്റ്, ഐടി, പ്രൊഫഷണൽ സേവനങ്ങൾ തുടങ്ങിയ മേഖലകൾ പ്രധാനമായും സംഭാവന നൽകിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ശക്തമായ ആഭ്യന്തര സാമ്പത്തിക പ്രവർത്തനമാണ് വളർച്ചയ്ക്ക് പിന്തുണയായതെന്നും വിലയിരുത്തപ്പെടുന്നു.

Related Posts