ഇറാനില്‍ സൈനിക നടപടിക്ക് അമേരിക്കന്‍ നീക്കമെന്നു സൂചന: ഫൈറ്റര്‍ വിമാനങ്ങള്‍ ബ്രിട്ടണില്‍ താവളമടിച്ചു
വെനസ്വേലിയന്‍ പ്രസിഡണ്ട് നിക്കോളാസ് മഡൂറോയെ അര്‍ധരാത്രിയില്‍ പിടികൂടി അമേരിക്കയില്‍ ജയിലിലടച്ച യുഎസ് സൈന്യം അടുത്തതായി ഇറാനെ ലക്ഷ്യമിടുന്നതായി സൂചന. അമേരിക്കയുടെ പോര്‍വിമാനങ്ങള്‍ മധ്യേഷ്യ ലക്ഷ്യമാക്കി നീങ്ങിയതായും സൂചനകള്‍ പുറത്തുവരുന്നുണ്ട്. യുഎസിൻ്റെ സൈനിക വിമാനങ്ങള്‍ ബ്രിട്ടനില്‍ ലാന്‍ഡ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2 സായുധ എ സി-130ജെ ഗോസ്റ്റ്റൈഡര്‍ ഗണ്‍ ഷിപ്പുകളും 14 സി-17 ഗ്ലോബ്മാസ്റ്റര്‍-3 കാര്‍ഗോ ജെറ്റുകളും ബ്രിട്ടനിലെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനായി ഉപയോഗിക്കുന്ന ടാങ്കര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.
ബ്രിട്ടനിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ്, ലേക്കന്‍ഹീത്ത്, മൈല്‍ഡന്‍ഹാള്‍ എന്നീ വ്യോമതാവളങ്ങളിലാണ് യുഎസ് വിമാനങ്ങളെത്തിയത്. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ഭരണകൂടം അടിച്ചമര്‍ത്താന്‍ തുനിഞ്ഞാല്‍ നേരിട്ടു ഇടപെടുമെന്ന് യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിൻ്റെ കൂടി ഭാഗമായിട്ടാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വ്യക്തമാകുന്നത്.