അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം. ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ (45) യാണ് രണ്ടു മാസം മുമ്പ് കാണാതായത്. കൂടെ താമസിച്ചിരുന്ന പഴനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വി വാഹം കഴിക്കാതെ ഇവർ ഒരുമിച്ചു താമസിച്ചു വരികയായിരുന്നു.
രണ്ടുമാസമായി വള്ളിയമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വള്ളിയമ്മയുടെ ആദ്യ വിവാഹത്തിലെ മക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ പുത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
പഴനിയും വള്ളിയമ്മയും തമ്മിൽ തർക്കമുണ്ടാവുകയും തർക്കം മൂത്തപ്പോൾ പഴനി വള്ളിയമ്മയെ കൊലപ്പെടുത്തി ഉൾവനത്തിൽ കുഴിച്ചിട്ടുവെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ചോദ്യം ചെയ്യലിൽ പഴനി കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്. കാടിനകത്ത് വലിയ കുഴി കുഴിച്ച് അതിനകത്ത് വള്ളിയമ്മയുടെ മൃതദേഹം ഇട്ടു മൂടിയെന്നാണ് പഴനി പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിൽ മൃതദേഹം കണ്ടെടുക്കാനായി പഴനിയുമായി പോലീസ് സംഘം ഉൾക്കാട്ടിലേക്ക് പോയി. മൃതദേഹം ലഭിച്ചാൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ മരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പോലീസ് സൂചിപ്പിച്ചു.