മൈസൂരുവിലേക്ക് പോകുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാർ കർണാടക ഗുണ്ടൽപേട്ടയിലെ നഞ്ചൻകോട് ട്രാവലറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. മൈസൂർ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൊറയൂർ അരിമ്പ്ര അത്തിക്കുന്ന് മന്നിയിൽ അബ്ദുൾ അസീസാ (50)ണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. അബ്ദുൾ അസീസിൻ്റെ മക്കളായ മുഹമ്മദ് ഷഹ്സാദ് (24), മുസാനുൽ ഫിർദൗസ് (21) എന്നിവർ നേരത്തേ മരിച്ചിരുന്നു.
പരിക്ക് പറ്റിയ മറ്റ് ആറുപേർ ചികിത്സയിൽ തുടരുകയാണ്. കോഴിക്കോട് കൊണ്ടോട്ടിക്കടുത്ത് മൊറയൂർ അരിമ്പ്രയിലെ വീട്ടിൽ നിന്ന് ചൊവ്വാഴ്‌ച പുലർച്ചെ 1 മണിയോടെ മൈസൂരു കൊപ്പയിലെ ഭാര്യ രേഷ്മയുടെ വീട്ടിലേക്ക് പെരുന്നാൾ ആഘോഷിക്കാൻ പോകുന്നതിനിടെ രാവിലെ 8 നായിരുന്നു അപകടമുണ്ടായത്.കാർ ഓടിച്ചിരുന്ന ഷഹ്‌സാദ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. വിദേശത്ത് നിന്ന് പെരുന്നാളിന് അവധിക്കെത്തിയതായിരുന്നു ഷഹ്സാദ്. കാർ കൂട്ടിയിടിച്ചത് കർണാടക രജിസ്ട്രേഷ നിലുള്ള ട്രാവലറുമായാണ്.
അബ്ദുൾ അസീസിൻ്റെ മറ്റു മക്കളായ മുഹമ്മദ് അദ്‌നാൻ (18), മുഹമ്മദ് ആദിൽ (16), സഹ്ദിയ സുൽഫ (25), സഹ്‌ദിയയുടെ മക്കളായ ആദം റബീഹ് (5), അയ്യത്ത് (8മാസം), അബ്ദുൾ അസീസിൻ്റെ സഹോദരൻ മുഹമ്മദലിയുടെ മകൻ മുഹമ്മദ് ഷാനിജ് (15) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഗുണ്ടൽപേട്ടിലെ വിവിധ ആശുപത്രികളിൽ കഴിയുകയാണ് ഇവരെല്ലാം. മുസാനുൽ ഫിർദൗസിൻ്റെ കബറടക്കം ഇന്ന് രാവിലെ അരിമ്പ്ര പഴങ്ങരത്തൊടി ജുമാമസ്‌ജിദിലും മുഹമ്മദ് ഷഹ്ഷാദിനൻ്റെ കബറടക്കം ചൊവ്വാഴ്‌ച രാത്രി വലിയപറമ്പ് ചാലിൽ ജുമാമ സ്‌ജിദിലും നടന്നു.