കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ നടക്കും. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജൻസികൾക്ക് വിറ്റുകഴിഞ്ഞു. കഴിഞ്ഞ വർഷം 71.40 ലക്ഷം എണ്ണം തിരുവോണം ബംപർ ടിക്കറ്റുകളാണ് വിൽപ്പന നടന്നത്.
ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും.

നറുക്കെടുപ്പ് നടക്കുന്ന 27ന് ഉച്ചകഴിഞ്ഞു രണ്ടുവരെ പൊതുജനങ്ങൾക്ക് ടിക്കറ്റുകൾ വാങ്ങാം. പാലക്കാടാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശൂർ ജില്ല 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം 8,75,900 ടിക്കറ്റുകളും ഏജൻസികൾക്ക് വിറ്റുകഴിഞ്ഞു.

Related Posts