കൊല്ലത്തെ ഒരു ജുവലറിയിൽ നിന്ന് 22 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ ജീവനക്കാരൻ പൊലീസ് പിടിയിൽ. ജുവലറിയിൽ 18 വർഷമായി ജോലി ചെയ്തുവരുന്ന പ്രശാന്താണ് പ്രതി.

ഭാരം കൂടിയ സ്വർണാഭരണങ്ങൾ മാറ്റി അതേ ഡിസൈനിലുള്ള ഭാരം കുറഞ്ഞ ആഭരണങ്ങൾ വച്ചാണ് ഇയാൾ ദീർഘകാലമായി മോഷണം നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആഭരണങ്ങളുടെ ഭാരത്തിൽ സംശയം തോന്നിയതോടെയാണ് ജുവലറി അധികൃതർ പരിശോധന നടത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് പുറത്തുവന്നത്.

ജുവലറി ഉടമയുടെ മകൻ നൽകിയ പരാതിയെ തുടർന്ന് കിളികൊല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചോദ്യം ചെയ്യലിൽ പ്രശാന്ത് കുറ്റം സമ്മതിച്ചതായാണ് വിവരം. സ്ഥാപന ഉടമയുടെ ഭർത്താവ് മരണപ്പെട്ടതിന് പിന്നാലെയുള്ള സാഹചര്യമാണ് മോഷണത്തിനായി ഇയാൾ മുതലെടുത്തതെന്നും പൊലീസ് പറയുന്നു.

മോഷ്ടിച്ച സ്വർണത്തിൻ്റെ തുക തിരികെ നൽകാമെന്ന് അറിയിച്ചെങ്കിലും പിന്നീട് പ്രതി ഒളിവിൽ പോവുകയായിരുന്നു. ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി നൽകിയ അപേക്ഷ തള്ളപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെയും ആശ്വാസം ലഭിച്ചില്ല.

ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്ന് പ്രശാന്ത് പൊലീസ് സ്റ്റേഷനിൽ എത്തി. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Related Posts