നടൻ ടിനി ടോമിനെതിരായ പരാതിയിൽ നടപടിയാവശ്യപ്പെട്ട് നടി അൻസിബ ഹസൻ കോടതിയെ സമീപിച്ചു. പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടാണ് അൻസിബ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചത്.

അൻസിബ നൽകിയ പരാതിയിൽ കടവന്ത്ര പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. പരാതിക്കാരിയായ അൻസിബയുടെയും ആരോപണ വിധേയനായ ടിനി ടോമിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

ടിനി ടോം സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മതപരമായി അധിക്ഷേപിച്ചുവെന്നുമാണ് അൻസിബയുടെ പരാതി. അതേസമയം, ആരോപണങ്ങൾ ടിനി ടോം നിഷേധിച്ചിട്ടുണ്ട്. തനിക്കെതിരായ പരാതിക്ക് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് അദ്ദേഹം പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്.

പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അൻസിബ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു അന്ന് പ്രതികരണം. നീതിപൂർവമായ അന്വേഷണം ഉറപ്പാക്കണമെന്ന ആവശ്യവുമായാണ് ഇപ്പോൾ അൻസിബ കോടതിയെ സമീപിച്ചിരിക്കുന്നത്.

Related Posts