കേരളത്തിൽ മിൽമ പാലിന്റെ പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. പാൽ ലിറ്ററിന് നാല് രൂപയാണു വർധിക്കുന്നത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. പാൽ ഉത്പന്നങ്ങൾക്ക് വരുംദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട്. പാൽ കവറുകളിൽ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്ന് മിൽമ അറിയിച്ചു.
ക്ഷീരകർഷകരുടെ ചെലവ് വർധിച്ച സാഹചര്യത്തിലാണു പാൽവില കൂട്ടാൻ മിൽമ നിർബന്ധിതമായത്. പാൽ വില ലിറ്ററിന് നാല് രൂപ കൂട്ടുമ്പോൾ മൊത്തം വർധനയുടെ 83.75 ശതമാനം തുക (3.35 രൂപ) കർഷകർക്കു ലഭിക്കുമെന്നും മിൽമ അറിയിച്ചു. അതേസമയം ഈ തുക അപര്യാപ്തമാണെന്നാണു ക്ഷീരകർഷകരുടെ വാദം.