ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 20 പേരാണ് കേസിലെ പ്രതികൾ. കൊലപാതകം നടന്ന് 13 വർഷങ്ങൾക്ക് ശേഷമാണ് വിധി വന്നത്. കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാലിന് 2012 ജൂലായ് 16നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാൽ അടുത്ത ദിവസമാണ് മരിച്ചത്.

എബിവിപിയുടെ ചെങ്ങന്നൂരിലെ സജീവ പ്രവർത്തകനായിരുന്നു 19കാരനായ വിശാൽ. സംഘടനാ പ്രവർത്തനത്തിൻ്റെ ഭാഗമായി ആദ്യവർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ എബിവിപി സംഘടിപ്പിച്ച ക്രിസ്ത്യൻ കോളേജിലെ പരിപാടിക്കായി എത്തിയപ്പോൾ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ 20 പേരാണ് കേസിൽ അറസ്റ്റിലായത്. വിധിക്കെതിരെ അപ്പീൽ നൽകാൻ എബിവിപി നേതൃത്വം ആലോചിക്കുന്നുണ്ട്.

Related Posts