മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നുണകൾ നിറച്ച പ്രോഗ്രസ് റിപ്പോർട്ടാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് വി.ഡി. സതീശൻ ആരോപിച്ചു.
പ്രോഗ്രസ് റിപ്പോർട്ടിൽ പച്ചക്കള്ളമാണ് എഴുതിവച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിൽ ഭൂമി പ്രശ്‌നങ്ങൾ മുഴുവൻ പരിഹരിച്ചു എന്നത് കള്ളമാണ്. വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ കാലത്ത് തുറമുഖത്തിന്‍റെ അനുമതി വാങ്ങി, സ്ഥലം ഏറ്റെടുത്ത് കല്ലിട്ട് നിർമ്മാണപ്രവർത്തനം തുടങ്ങി കൗൺഡൗൺ ആരംഭിച്ചതാണെന്നും
ഈ പദ്ധതിയെ 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പാണെന്നുമാണ് പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ പിണറായി വിജയൻ പറഞ്ഞത്.
ഗെയിൽ പൈപ്പ് ലൈൻ കൊണ്ടുവന്നപ്പോൾ, ഭൂമിക്കടിയിൽ ഒളിപ്പിച്ച ബോംബാണെന്ന് വിശേഷിപ്പിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി. രാജീവാണ്. ഇതിനെക്കാൾ നുണകൾ നിറച്ച മറ്റൊരു പ്രോഗ്രസ് റിപ്പോർട്ടില്ല. കടൽക്കൊള്ളയെന്ന് ദേശാഭിമാനി വിശേഷിപ്പിച്ച പദ്ധതിയുടെ ക്രെഡിറ്റ് അവകാശപ്പെടാൻ നാണമുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഉന്നതവിദ്യാഭ്യാസ കാര്യമെടുത്താൽ നിരവധി സർവകലാശാലകളിൽ വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽമാരില്ല, കാലഹരണപ്പെട്ട കോഴ്‌സുകൾ പഠിക്കാൻ ആളില്ല. കാർഷിക മേഖലയിൽ നെല്ല് സംഭരണം പാളി, ഉമ്മൻ ചാണ്ടിയുടെ കാലത്തെ നെല്ലുസംഭരണം തകർത്തു.