കുംഭമേളയിലൂടെ ശ്രദ്ധ നേടിയ യുവതിക്കും ഭർത്താവിനും ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം നൽകി. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കാണ് സുരക്ഷ ഒരുക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന പരാതിയിൽ ഭർത്താവ് മുഹമ്മദ് ഫർമാൻ പോക്സോ കേസിൽ നിയമനടപടികൾ നേരിടുകയാണ്. കേസിൻ്റെ ഭാഗമായി മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തി അന്വേഷണം തുടരുന്ന സാഹചര്യവുമുണ്ട്.
ഇതിനിടെയാണ് തനിക്കും ഭർത്താവിനും നേരെ ഭീഷണികൾ ഉയരുന്നതായി ആരോപിച്ച് യുവതി ഹൈക്കോടതിയെ സമീപിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടുമുള്ള ഭീഷണികൾ തുടരുകയാണെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജി പരിഗണിച്ച കോടതി യുവതിയുടെയും ഭർത്താവിൻ്റെയും സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു.