ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് 2026 പ്രകാരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഇന്നൊവേഷനിൽ ഏഷ്യയിലെ രണ്ടാമത്തെ മികച്ച നഗരമായി ബംഗളൂരു തിരഞ്ഞെടുക്കപ്പെട്ടതായി കർണാടക സർക്കാർ അറിയിച്ചു. മികച്ച ഗവേഷണ മികവും സാങ്കേതിക നവീകരണവും അടിസ്ഥാനമാക്കി ലോകത്തെ മുൻനിര 10 നഗരങ്ങളുടെ പട്ടികയിലും ബംഗളൂരു ഇടം നേടിയിട്ടുണ്ട്.

ആഗോള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റാങ്കിംഗിൽ 15-ാം സ്ഥാനത്തുള്ള ബംഗളൂരുവിൻ്റെ ഇക്കോസിസ്റ്റം മൂല്യം 152.8 ബില്യൺ യുഎസ് ഡോളറാണ്. പാരീസിൽ നടന്ന വിവാടെക് കോൺഫറൻസിൽ സ്റ്റാർട്ടപ്പ് ജീനോമുമായി സഹകരിച്ച് കർണാടക ഡിജിറ്റൽ ഇക്കോണമി മിഷൻ റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ പുറത്തുവിട്ടു. രാജ്യത്തെ മൊത്തം എഐ സ്റ്റാർട്ടപ്പ് നിക്ഷേപത്തിൻ്റെ 58 ശതമാനവും കർണാടകയിലേക്കാണ് എത്തുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021 മുതൽ 2025 വരെ വെഞ്ച്വർ ഫണ്ടിംഗിലൂടെ മാത്രം 39 ബില്യൺ യുഎസ് ഡോളർ ബംഗളൂരു സ്വന്തമാക്കി.

എഐ കേന്ദ്രീകൃത സ്റ്റാർട്ടപ്പുകളുടെ വളർച്ചയിൽ ഏഷ്യയിൽ ബീജിങ്ങിന് പിന്നിലായാണ് ബംഗളൂരുവിൻ്റെ സ്ഥാനം. കഴിഞ്ഞ വർഷം ഗവേഷണ മികവിൽ ലോകത്തിലെ ആദ്യ 30 നഗരങ്ങളിലായിരുന്ന ബംഗളൂരു, പേറ്റന്റുകളുടെയും ഗവേഷണ നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ ഇത്തവണ ആദ്യ 10-ലേക്ക് ഉയർന്നു.

ബംഗളൂരു ഇനി ഇന്ത്യയുടെ സ്റ്റാർട്ടപ്പ് തലസ്ഥാനം മാത്രമല്ല, ആഗോളതലത്തിൽ ഡീപ്‌ടെക്, എഐ ഇന്നൊവേഷൻ ഹബ്ബായി മാറുകയാണെന്ന് കർണാടക ഐടി-ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ പ്രതികരിച്ചു.

Related Posts