പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കകണ്ടത്തിനെതിരെ ആറ് ഭരണപക്ഷ കൗൺസിലർമാർ പരസ്യമായി രംഗത്ത്. ചെയർപേഴ്സണിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇവർ യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി. അഞ്ച് കൗൺസിലർമാരും വൈസ് ചെയർപേഴ്സൺ മായ രാഹുലുമാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. ചെയർപേഴ്സന്റെ പ്രവർത്തന ശൈലിയിലും ഏകപക്ഷീയമായ തീരുമാനങ്ങളിലുമുള്ള വിയോജിപ്പാണ് കൗൺസിലർമാരുടെ പെട്ടെന്നുള്ള നീക്കത്തിന് പിന്നിലെന്നാണ് സൂചന.
14 യുഡിഎഫ് കൗൺസിലർമാരും മാണി സി. കാപ്പൻ എംഎൽഎയുടെ വീട്ടിൽ ചർച്ചയ്ക്കായി എത്തിയിട്ടുണ്ട്. ഫ്രാൻസിസ് ജോർജ് എംപിയും ചർച്ചയിൽ പങ്കെടുക്കും. പുളിക്കകണ്ടം കുടുംബാംഗങ്ങളായ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് പാലാ നഗരസഭ യുഡിഎഫ് ഭരിക്കുന്നത്.