താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി ജില്ല കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു. യാത്രക്കാർ കുറ്റ്യാടി, നാടുകാണി ചുരം വഴി പോകണം.
ഒമ്പതാം വളവ് വ്യൂ പോയിൻ്റിനു സമീപം മണ്ണും കല്ലുകളും മരങ്ങളും റോഡിലേക്ക് പതിച്ചതോടെയാണ് കോഴിക്കോട്-വയനാട് ദേശീയ പാത 766ൽ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു ഇതുവഴി ഗതാഗതം നിർത്തിവെച്ചതായി വയനാട് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കുടിയായ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. ഇവിടെ ട്രാഫിക് നിയന്ത്രണത്തിന് ജില്ല പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായി കലക്ടർ അറിയിച്ചു. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തു നിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി തിരിഞ്ഞു പോകണം.
ചുരത്തിലെ വ്യൂപോയന്റ് തുടങ്ങുന്ന ഭാഗത്ത് മുകളിൽ നിന്നും മലയിടിഞ്ഞ് റോഡിലേക്ക് പതിച്ചതാണ് ഗതാഗത കുരുക്കിന് ഇടയാക്കിയത്. തുടർച്ചയായി രണ്ടാം ദിനമാണ് താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെടുന്നത്.