50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാക്കാനൊരുങ്ങി സപ്ലൈകോ. സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകും. ഇതിനൊപ്പമാണ് അഞ്ച് രൂപയ്ക്ക് ഒരു കിലോ പഞ്ചസാര ഉൾപ്പെടെയുള്ള ഓഫറുകൾ. സപ്ലൈകോയിൽ നിന്ന് ആയിരം രൂപയ്ക്ക് സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് ലഭ്യമാവുക. നാളെ മുതൽ ഈ ഓഫറുകൾ പ്രാബല്യത്തിൽ വരും.
250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സപ്ലൈകോ നടത്തുക. ഇതിൻ്റെ ഭാഗമായാ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 കിലോഗ്രാം അരിയും നൽകും. നിലവിൽ ഇത് 10 കിലോഗ്രാം ആണ്.