ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ മറവുചെയ്ത കേസിൻ്റെ അന്വേഷണത്തിൽ കൂടുതൽ നടപടികളുമായി കർണാടക ഹൈക്കോടതി. മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തലിനുപിന്നാലെ രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണം താൽക്കാലികമായി നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടു. കേസിലെ ഗൂഢാലോചനയിൽ പങ്കാളികളായെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, വിത്താല ഗൗഡ, മഹേഷ് ഷെട്ടി തിമരോടി എന്നിവരുടെ ഹർജിയിലാണ് നടപടി. തങ്ങളുടെ പരാതിയിൽ എടുത്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
അടുത്ത മാസം നവംബർ 12ന് ഹർജിയിൽ വിശദമായ വാദം നടക്കുംവരെയാണ് ഹൈക്കോടതി അന്വേഷണ നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നത്. കേസിൽ വാദിയോ പ്രതിയോ അല്ലെന്നിരിക്കെ തങ്ങൾക്ക് ഒമ്പത് തവണ സമൻസ് അയച്ചുകഴിഞ്ഞെന്നും പത്താമത്തെത് 27ന് കിട്ടിയെന്നും ഇത് നിയമവിരുദ്ധ നടപടിയാണെന്നും ചൂണ്ടിക്കാണിച്ചാണ് നാലുപേരും കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ഹൈക്കോടതി പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ ഒരേ കേസിൽ പലതവണ നോട്ടീസ് അയച്ചത് ശരിയായ നടപടിയല്ലെന്നും വിമർശിച്ചു. ധർമ്മസ്ഥല വിവാദങ്ങൾക്ക് പിന്നാലെ ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡണ്ടിനെ നാടുകടത്താനും ഉത്തരവ് ഇറങ്ങിയിരുന്നു. 1992നും 2014നും ഇടയിൽ നിരവധി പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താൻ കുഴിച്ചിട്ടുവെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാണ് കേസ് അന്വേഷിച്ചത് ചിന്നയ്യയുടെ മൊഴി അടിസ്ഥാനമാക്കി മണ്ണുമാന്തിയുള്ള തെരച്ചിൽ നടത്തിയെങ്കിലും ഇയാളുടെ വാദത്തെ ശരിവയ്ക്കുന്ന അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല.