ആഭ്യന്തരമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം ആയങ്കിയെ പൊലീസ് പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിലെ സ്റ്റെയർകേസിന് താഴെയുള്ള ഷൂ റാക്കിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്.

അർജുൻ ആയങ്കിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഫോൺ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ നിർണായക തെളിവായേക്കാവുന്ന ഫോണാണിതെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ.

തലശേരി സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ സൈബർ പൊലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി അനുമതി നൽകിയത്.

അറസ്റ്റിലാകുമ്പോൾ സിം കാർഡില്ലാത്ത മറ്റൊരു മൊബൈൽ ഫോണാണ് ആയങ്കിയുടെ കൈവശമുണ്ടായിരുന്നത്. അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനാണ് ആ ഫോൺ കൈവശം സൂക്ഷിച്ചതെന്നാണ് പൊലീസിന്റെ വാദം.

കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ച അർജുൻ ആയങ്കിയെ കണ്ണൂർ എ.സി.പി എം.പി. ആസാദിന്റെയും സൈബർ പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യുകയാണ്. കണ്ടെത്തിയ മൊബൈൽ ഫോണിലെ വിവരങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും പൊലീസ് പരിശോധിക്കും.

Related Posts