കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഷൈൻ ടോം ചാക്കോയുടെ മുറിയിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ഹോട്ടലിന് താഴെയെത്തിയെന്നറിഞ്ഞതോടെ ഷൈൻ ടോം ചാക്കോ മൂന്നാം നിലയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ലഹരി കൈയിലുണ്ടായിരുന്നത് കൊണ്ടാകാം ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയതെന്ന നിഗമനത്തിലാണ് പൊലീസ്.
അതേസമയം, ഷൈൻ ടോം ചാക്കോ സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കാണിച്ച് നടി വിൻസി അലോഷ്യസ് ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. സീൻ പ്രാക്ടീസിനിടെ ഇയാളുടെ വായിൽനിന്ന് വെള്ള നിറത്തിലുള്ള എന്തോ പുറത്തേക്ക് തെറിച്ചിരുന്നെന്ന് നടി മുമ്പ് സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞിരുന്നു. എന്നാൽ ആരാണ് ആ നടൻ എന്ന് ഇന്നാണ് വെളിപ്പെടുത്തിയത്. താൻ ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്നും തൻ്റെ ജീവിതത്തിൽ ആൽക്കഹോൾ, സിഗരറ്റ്. മയക്കുമരുന്ന് തുടങ്ങി മനസിനെയോ ആരോഗ്യത്തെയോ ബാധിക്കുന്ന ഒന്നും ഉണ്ടാവില്ലെന്നും വിൻസി അലോഷ്യസ് പറഞ്ഞു.