കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാതശിശുവിൻ്റെ കൈക്ക് പരിക്കേൽക്കുകയും തുടർന്ന് ആവശ്യമായ ചികിത്സ ലഭിക്കുന്നതിൽ വീഴ്ചയുണ്ടാകുകയും ചെയ്തെന്നാണ് കുടുംബത്തിന്റെ പരാതി.
മേപ്പയ്യൂർ സ്വദേശികളായ രാഹുൽ–രാഖി ദമ്പതികളുടെ കുഞ്ഞിനാണ് പരിക്കേറ്റത്. ഈ മാസം ആറിനായിരുന്നു രാഖിയുടെ പ്രസവം. പ്രസവത്തിന് പിന്നാലെ കുഞ്ഞിൻ്റെ ഇടതുകൈയുടെ തോളിന് പരിക്കേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് കുഞ്ഞിനെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
കുഞ്ഞിൻ്റെ കൈക്ക് പ്ലാസ്റ്റർ ഇട്ടെങ്കിലും പിന്നീട് ആവശ്യമായ പരിശോധനകൾ നടത്തിയില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഓർത്തോ വിഭാഗത്തിലെ ഡോക്ടർ പരിശോധിച്ച് ബാൻഡേജ് ചുറ്റുകയും രണ്ട് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ നിശ്ചിത സമയത്ത് ഡോക്ടർ എത്തിയില്ലെന്നാണ് കുടുംബം പറയുന്നത്.
അതേസമയം, സംഭവത്തിൽ മെഡിക്കൽ കോളേജിൻ്റെ ഭാഗത്ത് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ വിശദീകരണം. കുഞ്ഞിന് ആവശ്യമായ ചികിത്സയും പരിചരണവും നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
സംഭവത്തിൽ കുടുംബം ആശുപത്രി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രസവസമയത്തെ പരിചരണത്തിലും തുടർചികിത്സയിലും വീഴ്ചയുണ്ടായോ എന്നതിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നേരത്തെയും ചികിത്സാപ്പിഴവ് ആരോപണങ്ങൾ ഉയർന്നിട്ടുള്ള സാഹചര്യത്തിൽ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെടുന്നു.
കുഞ്ഞിൻ്റെ ആരോഗ്യനില നിലവിൽ സുസ്ഥിരമാണെന്നാണ് വിവരം. ആരോപണങ്ങളിൽ വസ്തുതയുണ്ടോ എന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.