ബലാത്സംഗ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് വീണ്ടും തിരിച്ചടി. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നടത്തിയ മിന്നൽ പരിശോധനയിൽ രേവണ്ണയുടെ പക്കൽ നിന്ന് മൊബൈൽ ഫോണും ചാർജറും കണ്ടെത്തി.
കർണാടക ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഫോൺ പിടിച്ചെടുത്തത്. സംഭവത്തിൽ പരപ്പന അഗ്രഹാര പൊലീസ് രേവണ്ണയ്ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. കേസിൽ പ്രജ്വൽ രേവണ്ണയെ ഒന്നാം പ്രതിയായും സഹതടവുകാരനെ രണ്ടാം പ്രതിയായുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള നിരോധിത സൗകര്യങ്ങൾ എത്തിക്കാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ജയിൽ ഉദ്യോഗസ്ഥരുടെ പങ്ക് ഉൾപ്പെടെ പരിശോധിക്കുന്നതിൻ്റെ ഭാഗമായി കൂടുതൽ അന്വേഷണവും ആരംഭിച്ചു.
പരപ്പന അഗ്രഹാര ജയിലിൽ പ്രജ്വൽ രേവണ്ണയ്ക്ക് വിഐപി പരിഗണന ലഭിക്കുന്നുവെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിലെ മുറിയിൽ നിന്ന് മൊബൈൽ ഫോണും ചാർജറും കണ്ടെത്തിയത്.
ജയിലിനുള്ളിൽ ഫോൺ എത്തിയത് എങ്ങനെയെന്നും അത് ഉപയോഗിച്ച് ആരുമായാണ് ബന്ധപ്പെട്ടതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണസംഘം പരിശോധിക്കും. സംഭവത്തിൽ പൊലീസ്, ജയിൽ വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.