ഫേസ്ബുക്കിൽ പൊലീസിനെ വെല്ലുവിളിച്ച് പോസ്റ്റുകൾ പങ്കുവെച്ചത് താൻ തന്നെയാണെന്ന് ചോദ്യം ചെയ്യലിൽ അർജുൻ ആയങ്കി സമ്മതിച്ചതായി റിപ്പോർട്ട്. സ്വന്തം ഐഫോണിൽ നിന്നാണ് പോസ്റ്റുകൾ ചെയ്തതെന്നും ഇതിനായി വിവിധ സ്ഥലങ്ങളിലെ വൈഫൈ കണക്ടിവിറ്റിയാണ് ഉപയോഗിച്ചതെന്നും ആയങ്കി പൊലീസിനോട് വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റാരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ആയങ്കി മൊഴി നൽകിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ പോസ്റ്റുകൾ ചെയ്യാൻ ഉപയോഗിച്ചതായി പറയുന്ന ഐഫോൺ കണ്ടെത്താനുള്ള ശ്രമം പൊലീസ് ശക്തമാക്കി. ഫോൺ കണ്ടെത്താനായാൽ സമൂഹമാധ്യമ പോസ്റ്റുകളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ആയങ്കിക്കെതിരായ കേസ് ഹിസ്റ്ററി ഉൾപ്പെടുന്ന റിപ്പോർട്ട് വളപട്ടണം എസ്.എച്ച്.ഒ സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്നാണ് വിവരം.
കളക്ടറുടെ അനുമതി ലഭിക്കുന്നതോടെ കാപ്പ നിയമപ്രകാരമുള്ള തുടർനടപടികളിലേക്ക് പൊലീസ് നീങ്ങും. ഇതിനിടെ, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും ആയങ്കിക്കെതിരായ നിലവിലുള്ള കേസുകളും അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്.