ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടപ്പാക്കിയാൽ ജനസംഖ്യാ നിയന്ത്രണ നടപടികൾ വിജയകരമായി നടപ്പാക്കിയ തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്ററി പ്രാതിനിധ്യം കുറയാൻ സാധ്യതയുണ്ടെന്ന് വിജയ് ചൂണ്ടിക്കാട്ടി.

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബിൽ കേന്ദ്രസർക്കാർ മൺസൂൺ സമ്മേളനത്തിൻ്റെ അവസാന ദിവസം അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് തമിഴ്നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്.

നിലവിലുള്ള 543 ലോക്സഭാ സീറ്റുകൾ സ്ഥിരമായി നിലനിർത്തുക, ഓരോ സംസ്ഥാനത്തിനും നിലവിൽ അനുവദിച്ചിരിക്കുന്ന ലോക്സഭാ സീറ്റുകളുടെ എണ്ണം സ്ഥിരമാക്കുക, സംസ്ഥാന നിയമസഭകളിൽ 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുക എന്നിവയാണ് വിജയ് മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ.

ജനസംഖ്യ നിയന്ത്രണത്തിൽ മുന്നിട്ടുനിൽക്കുന്ന സംസ്ഥാനങ്ങൾക്ക് അതിൻ്റെ പേരിൽ രാഷ്ട്രീയ പ്രാതിനിധ്യം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

വനിതാ സംവരണ നിയമം കേന്ദ്രസർക്കാർ അടിയന്തരമായി നടപ്പാക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണം നടന്നിട്ടും നിയമം പ്രാബല്യത്തിൽ വരുത്തുന്നതിൽ കേന്ദ്രം കാലതാമസം വരുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കേണ്ടത് അനിവാര്യമാണെന്നും വനിതാ സംവരണം ഔദാര്യമല്ല, രാഷ്ട്രീയ അവകാശമാണെന്നും വിജയ് പറഞ്ഞു.

തൻ്റെ ജീവിതത്തിലെ വളർച്ചയിൽ കുടുംബത്തിലെ സ്ത്രീകൾക്ക് വലിയ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ വിജയ്, സമൂഹം സ്ത്രീകളോട് മാന്യമായി പെരുമാറുമ്പോഴാണ് രാജ്യത്തിന് നല്ല പേര് ലഭിക്കുകയെന്നും വ്യക്തമാക്കി.

തമിഴ്നാട്ടിൽ പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാരുടെ എണ്ണം കൂടുതലാണെന്നും, അതിനാൽ രാഷ്ട്രീയരംഗത്തും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും വിജയ് കൂട്ടിച്ചേർത്തു.

Related Posts