തീവണ്ടിക്കുള്ളിലോ റെയിൽവേ പരിസരങ്ങളിലോ മാലിന്യം വലിച്ചെറിയുകയും ശുചിത്വചട്ടങ്ങൾ ലംഘിക്കുകയും ചെയ്താൽ ഇനി കടുത്ത പിഴ. പുതിയ ചട്ടപ്രകാരം നിയമലംഘനം നടത്തുന്ന യാത്രക്കാരിൽ നിന്ന് ₹1000 വരെ പിഴ ഈടാക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. നേരത്തെ പരമാവധി പിഴ ₹500 ആയിരുന്നു.

റെയിൽവേ മന്ത്രാലയം ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്ത ഇന്ത്യൻ റെയിൽവേ ഭേദഗതി ചട്ടങ്ങൾ 2026 പ്രകാരമാണ് പിഴ വർധിപ്പിച്ചത്. പിഴ അടയ്ക്കാൻ വിസമ്മതിക്കുന്നവർക്ക് കോടതിയിൽ വിചാരണ നേരിടേണ്ടിവരും. കോടതി വഴി ₹2000 വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്.

റെയിൽവേ സ്റ്റേഷനുകളിലോ ട്രെയിനുകളിലോ മാലിന്യം വലിച്ചെറിയുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് മാത്രമല്ല, വിവിധ ശുചിത്വലംഘനങ്ങൾക്കും പിഴ ബാധകമാണ്.

ട്രെയിനിലോ റെയിൽവേ പരിസരത്തോ മാലിന്യം ഉപേക്ഷിക്കൽ, അനുമതിയില്ലാതെ പാചകം ചെയ്യൽ, കുളിക്കുകയോ തുപ്പുകയോ ചെയ്യൽ, മൂത്രമൊഴിക്കുകയോ മലവിസർജനം നടത്തുകയോ ചെയ്യൽ, മൃഗങ്ങൾക്കും പക്ഷികൾക്കും തീറ്റ നൽകൽ, റെയിൽവേ പരിസരത്ത് വാഹനങ്ങൾ കഴുകൽ, പാത്രങ്ങളും വസ്ത്രങ്ങളും അലക്കൽ, റെയിൽവേ സ്ഥലത്ത് അനധികൃതമായി വസ്തുക്കൾ സൂക്ഷിക്കൽ എന്നീ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ പുതിയ ചട്ടപ്രകാരം നടപടി സ്വീകരിക്കും.

അനുമതിയില്ലാതെ ട്രെയിൻ കോച്ചുകളിലോ റെയിൽവേ സ്വത്തുക്കളിലോ പോസ്റ്ററുകൾ ഒട്ടിക്കുക, എഴുതുക, വരയ്ക്കുക എന്നിവയും നിയമലംഘനത്തിൻ്റെ പരിധിയിൽ വരും.

സ്റ്റേഷൻ മാസ്റ്റർമാർ, സ്റ്റേഷൻ മാനേജർമാർ, കൊമേഴ്ഷ്യൽ വിഭാഗത്തിലെ ടിക്കറ്റ് കലക്ടർമാർ എന്നിവർക്ക് പിഴ ഈടാക്കാനുള്ള അധികാരം നൽകിയിട്ടുണ്ട്. അംഗീകൃത വെണ്ടർമാർ മാലിന്യം ശേഖരിക്കുന്നതിനായി ആവശ്യമായ സ്ഥലങ്ങളിൽ ഡസ്റ്റ് ബിന്നുകൾ സ്ഥാപിക്കണമെന്നും റെയിൽവേ നിർദേശിച്ചിട്ടുണ്ട്.

Related Posts