നേപ്പാളിലെ പ്രളയത്തിനിടെ ഒഴുകിപ്പോയ ബാങ്ക് സേഫിൽ നിന്ന് പണം മോഷ്ടിച്ചെന്ന കേസിൽ 29 പേർ അറസ്റ്റിൽ. റസുവയിലെ ബൊട്ടെകോഷി പ്രദേശത്തുണ്ടായ പ്രളയത്തിലാണ് ബാങ്ക് സേഫ് ഒഴുകിപ്പോയത്.
പിന്നീട് സേഫ് ഗാൽച്ചിയിലെ റൂറൽ മുനിസിപ്പാലിറ്റി നാലിലെ ബെൽബുബോല പ്രദേശത്തിന് സമീപം ത്രിശൂലി നദിക്കരയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് പറയുന്നതനുസരിച്ച്, സേഫ് കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ അത് പൊളിച്ച് പണം പുറത്തെടുത്തു.
സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് 19നും 49നും ഇടയിൽ പ്രായമുള്ള 29 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 92,68,505 നേപ്പാളീസ് രൂപ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ഇന്ത്യൻ രൂപയിൽ ഏകദേശം 57 ലക്ഷം രൂപ വരും.
സേഫിൽ നിന്ന് പണം എടുത്ത് പിന്നീട് പങ്കിട്ടതായാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പണം മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.
പ്രളയത്തിൽ വലിയ നാശനഷ്ടമുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾക്കിടെയാണ് ബാങ്ക് സേഫ് കണ്ടെത്തിയത്. ദുരന്തസാഹചര്യം മുതലെടുത്ത് പണം കൈക്കലാക്കിയ സംഭവത്തിലാണ് ഇപ്പോൾ പൊലീസ് നടപടി ശക്തമാക്കിയിരിക്കുന്നത്.