വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. വിലങ്ങാട് വായാട് ഉന്നതിയിലെ സുനിൽ ആണ് മരിച്ചത്. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായിരുന്നു സുനിൽ.
ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയതിനെ തുടർന്ന് അതിനെ തുരത്താനുള്ള ശ്രമത്തിനിടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്ത് കാട്ടുപോത്തിൻ്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ജനവാസ മേഖലകളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായി ഉയർന്നിട്ടുണ്ട്.