കോഴിക്കോട് ബേപ്പൂരിൽ ചാലിയാർ പുഴയിൽ ചാടി കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെസ്റ്റ് ഹിൽ സ്വദേശിനിയായ സന്ധ്യയുടെ മൃതദേഹമാണ് ഇന്ന് രാവിലെ ബേപ്പൂർ ഹാർബറിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 8.30ഓടെ ഫറോക്ക് പഴയ പാലത്തിൽ നിന്ന് യുവതി പുഴയിലേക്ക് ചാടുന്നതായി കണ്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പൊലീസിനും ഫയർഫോഴ്സിനും വിവരം നൽകിയത്. തുടർന്ന് രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇന്ന് രാവിലെ 9 മണിയോടെയാണ് മൃതദേഹം കണ്ടെത്താനായത്.

പന്നിയങ്കരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സന്ധ്യ. ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സഹോദരൻ പൊലീസിൽ കാണാതായതായി പരാതി നൽകിയിരുന്നു. വൈകീട്ട് 7 മണിയോടെയാണ് സഹോദരനുമായി അവസാനമായി ഫോണിൽ സംസാരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ബേപ്പൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Posts