ചേർത്തല ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനമായി ബന്ധപ്പെട്ട് കോട്ടയം ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഇവരെ സ്വീകരണ മുറിയിൽ വെച്ച് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരം. ഇതിനിടെ തെറിച്ചുവീണ രക്തത്തിന്‍റെ കറയാണ് കേസിൽ നിർണായക തെളിവായത്. സെബാസ്റ്റ്യനെ ചോദ്യം ചെയ്ത്‌തിൽ നിന്ന് ലഭിച്ച തെളിവുകളിൽ നിന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ.

പിന്നീട് കൊലപാതകത്തിനുശേഷം ശരീരം മുറിച്ച് കത്തിച്ചെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്‍റെ വീട്ടിലെ ശുചീകരണ സാമഗ്രിയിലും കുളിമുറിയിലും രക്തസാന്നിധ്യം കണ്ടെത്തിയത് മൃതദേഹം മുറിച്ചതിന്‍റെ സൂചനയാണ് നൽകുന്നത്. ജെയ്‌നമ്മയുടെ ഓരോ ശരീരഭാഗവും പല സ്ഥലങ്ങളിലായി മറവ് ചെയ്യുകയായിരുന്നു.

ഇയാളുടെ വീട്ടുവളപ്പിൽ നടത്തിയ തിരച്ചിലിൽ തുടയെല്ലിന്‍റെയും തലയോട്ടിയുടെയും ഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇതും ജെയ്നമ്മയുടേതെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണസംഘം. ഇതിൽ നടത്തിയ ഡി.എൻ.എ പരിശോധനാഫലം ലഭിച്ചിട്ടില്ല. കത്തിക്കരിഞ്ഞ ചെറിയ എല്ലുകഷണങ്ങളുടെ ഡി.എൻ.എ പരിശോധന ശ്രമകരമായതിനാലാണ് ഫലം വൈകുന്നത്.


ഏറ്റുമാന്നൂർ സ്വദേശിനി ജെയ്‌നമ്മയെ കൊലപ്പെടുത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യനെ ബിന്ദു പത്മനാഭൻ തിരോധാന കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യലിനുമാണ് ഈ നീക്കം. അടുത്ത ദിവസം ഇതിനായി അന്വേഷണത്തലവൻ ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 1 ൽ അപേക്ഷ നൽകും.

ബിന്ദു പത്മനാഭൻ കേസുമായി ബന്ധപ്പെട്ട വ്യാജരേഖ ചമക്കൽ, തട്ടിപ്പു കേസുകളിൽ വിചാരണയുടെ ഭാഗമായി പ്രതി സെബാസ്റ്റ്യനെ ചൊവ്വാഴ്‌ച ചേർത്തല കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

Related Posts