കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയടക്കം ഭാര്യയുടെ കുടുംബത്തിലെ ഏഴുപേരെ ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ 45കാരനായ ക്യാബ് ഡ്രൈവർ അറസ്റ്റിൽ. രാജാജിനഗറിലെ ബാഷ്യം സർക്കിളിന് സമീപമുള്ള വീട്ടിൽ രണ്ടുദിവസം കൊണ്ടാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം. സംഭവത്തിൽ ഇന്ദുശേഖർ എന്ന ശേഖറിനെയാണ് രാജാജിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഏകദേശം 20 വർഷം മുമ്പാണ് ശേഖർ സുനിതയെ വിവാഹം കഴിച്ചത്. ഭാര്യ സ്വന്തം കുടുംബാംഗങ്ങളുമായി കൂടുതൽ അടുപ്പം പുലർത്തുന്നതിൽ ഇയാൾക്ക് എതിർപ്പുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതേച്ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. സുനിതയുടെ അമ്മയും സഹോദരന്മാരും ഭാര്യയെ പിന്തുണച്ചതോടെ അവരോടും പ്രതിക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ സംശയിക്കുന്നത്.
ഒരാളെയൊരാളായി വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി
ആദ്യം ഭാര്യ സുനിതയെ വീട്ടിൽവെച്ച് കല്ലുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. തുടർന്ന് സുനിത സുഹൃത്തുക്കൾക്കൊപ്പം യാത്ര പോയിരിക്കുകയാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചു.
പിന്നീട് ഭാര്യയുടെ സഹോദരന്മാരായ ശിവകുമാറിനെയും ശങ്കറിനെയും മദ്യപിക്കാനെന്ന വ്യാജേന വീട്ടിലേക്ക് ക്ഷണിച്ചു. ഇവരെ കൊലപ്പെടുത്തിയശേഷം അവരുടെ ഭാര്യമാരായ ദിവ്യയെയും നളിനിയെയും അമ്മായിയമ്മ രൂപവതിയെയും ഏഴുവയസ്സുകാരനായ പുനീതിനെയും കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. കൊലപാതകങ്ങൾക്ക് റബ്ബർ കല്ല് (അരക്കല്ല്) ഉപയോഗിച്ചതായുംപറയപ്പെടുന്നു.
നളിനിയെ കാണാതായതിനെത്തുടർന്ന് അന്വേഷണം
നളിനിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാവ് ശ്രീരാംപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവത്തിന് വഴിത്തിരിവുണ്ടായത്. അന്വേഷണത്തിൻ്റെ ഭാഗമായി ശേഖറിനെ ചോദ്യം ചെയ്തപ്പോൾ മൊഴികളിൽ വൈരുധ്യം കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതകങ്ങളുടെ സൂചനകൾ ലഭിച്ചത്.
കൊലപാതകത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന രക്തക്കറകൾ കഴുകിക്കളഞ്ഞ് തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചതായാണ് റിപ്പോർട്ട്.
നന്ദി ഹിൽസിന് സമീപം മൃതദേഹങ്ങൾ ഉപേക്ഷിച്ചു
കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങൾ കാറിൽ കയറ്റി ചിക്കബെല്ലാപുര ജില്ലയിലെ നന്ദി ഹിൽസിന് സമീപമുള്ള വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായത്. പ്രതിയുമായി വ്യാഴാഴ്ച പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം നാലുമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഏഴുവയസ്സുകാരനായ പുനീതിൻ്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. മറ്റുള്ളവരുടെ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്. മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകങ്ങളുടെ കൃത്യമായ കാരണം, സംഭവത്തിന് പിന്നിലെ ആസൂത്രണം, മറ്റ് തെളിവുകൾ എന്നിവ സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.