സൗജന്യ പദ്ധതികൾ പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരിനെതിരെ കർണാടകയിൽ ജനരോഷം ശക്തമാകുന്നു. പാലിനും തൈരിനും നെയ്യിനും പിന്നാലെ ബസ് ടിക്കറ്റ് നിരക്കും വർധിപ്പിച്ചതോടെ സാധാരണക്കാരുടെ കുടുംബബജറ്റ് താളംതെറ്റുകയാണ്. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോൾ അതേ കുടുംബത്തിലെ പുരുഷന്മാരിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന വിമർശനവും ശക്തമാണ്. നിരക്ക് വർധനയ്ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.
വിലക്കയറ്റം സംബന്ധിച്ച വിമർശനങ്ങൾക്ക് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രിയോട് ഇന്ധനവില കുറയ്ക്കാൻ ആവശ്യപ്പെടണമെന്നാണ് മറുപടി നൽകിയത്.
കർണാടകയുടെ സ്വന്തം ബ്രാൻഡായ നന്ദിനിയുടെ പാലിനും തൈരിനും നെയ്യിനും കഴിഞ്ഞ ആഴ്ചയാണ് വില വർധിപ്പിച്ചത്. പാലിന് ലിറ്ററിന് എട്ട് രൂപയും തൈരിന് 14 രൂപയുമാണ് കൂട്ടിയത്. നെയ്യിന് ലിറ്ററിന് 135 രൂപയുടെ വർധനയുണ്ടായി. അൺസാൾട്ടഡ് വെണ്ണയുടെ വിലയും 105 രൂപ ഉയർത്തി.
ക്ഷീരകർഷകരെ സഹായിക്കാനെന്ന വിശദീകരണത്തോടെയാണ് വിലവർധന നടപ്പാക്കിയത്. ഇതിനെതിരായ പ്രതിഷേധം തുടരുന്നതിനിടെയാണ് പൊതുഗതാഗത നിരക്കിലും വർധന വരുത്തിയത്.
ബുധനാഴ്ച വരെ ആറു രൂപയായിരുന്ന ബസ് യാത്രയുടെ മിനിമം ടിക്കറ്റ് നിരക്ക് വ്യാഴാഴ്ച അർധരാത്രി മുതൽ 10 രൂപയായി ഉയർന്നു. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ(ബിഎംടിസി) ബസുകളിൽ 35 ശതമാനവും കർണാടക ആർ.ടി.സി. ഉൾപ്പെടെയുള്ള മറ്റ് മൂന്ന് ഗതാഗത കോർപ്പറേഷനുകളിൽ 23 ശതമാനവുമാണ് നിരക്ക് വർധന.
ഇതോടെയാണ് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിമർശനങ്ങൾ വീണ്ടും ശക്തമായത്. വീട്ടിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമ്പോൾ പുരുഷന്മാരിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കി സർക്കാർ ആനുകൂല്യത്തിൻ്റെ ചെലവ് ഈടാക്കുകയാണെന്ന പരിഹാസമാണ് ഉയരുന്നത്.
വിലവർധനയുടെ ആഘാതം കർണാടകയിലെ സാധാരണക്കാരിൽ മാത്രമല്ല, ഉപജീവനത്തിനായി ബെംഗളൂരുവിലും മറ്റ് നഗരങ്ങളിലും താമസിക്കുന്ന മറുനാടൻ മലയാളികളിലേക്കും വ്യാപിക്കുകയാണ്. ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ദിവസവും ബസുകളെ ആശ്രയിക്കുന്നവർക്ക് യാത്രാച്ചെലവ് കൂടും.
ഉയർന്ന വീട്ടുവാടകയും അഡ്വാൻസ് തുകയും നിത്യോപയോഗ സാധനങ്ങളുടെ വിലയും ഇതിനകം കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ പാലുൽപ്പന്നങ്ങളുടെയും ബസ് യാത്രയുടെയും ചെലവ് കൂടിയത് മലയാളികളുൾപ്പെടെയുള്ള സാധാരണക്കാർക്ക് ഇരട്ടപ്രഹരമായിരിക്കുകയാണ്.
നിരക്ക് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനൊപ്പം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും പൊതുജന പ്രതിഷേധം ഉയരുകയാണ്.