ബെംഗളൂരുവിലെ യെലഹങ്കയിൽ പാലക്കാട് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിൻ്റെ പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നു. തിരുവേഗപ്പുറ സ്വദേശി കിരണിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയും ഫാക്ടറി ഉടമയുമായ ആനന്ദ് രാജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇരുമ്പുപൈപ്പും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ച് കിരണിനെ മർദിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് കേസ്. ആനന്ദ് രാജിൻ്റെ മകളുമായുള്ള പ്രണയബന്ധത്തിൽനിന്ന് പിന്മാറാൻ തയ്യാറാകാത്തതാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. മർദനത്തിൽ അവശനായ കിരണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചെന്നാണ് ഇയാൾ പറയുന്നത്.

എന്നാൽ, കിരണിനെ ആസൂത്രിതമായി കെണിയിൽപ്പെടുത്തി കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിനായി ക്വട്ടേഷൻ സംഘത്തിൻ്റെ സഹായം തേടിയിരുന്നുവെന്നും അവർ സംശയിക്കുന്നു. കേസിലെ ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രതികളുടെയും കസ്റ്റഡിയിലുള്ളവരുടെയും ചോദ്യംചെയ്യലിലൂടെ പുറത്തുവരുമെന്നാണ് പൊലീസിൻ്റെ പ്രതീക്ഷ.

പെൺകുട്ടിയിൽനിന്ന് 500 രൂപ കടം വാങ്ങാനാണ് കിരൺ ആനന്ദിൻ്റെ വീട്ടിലെത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട ശബ്ദസന്ദേശം കിരണിൻ്റെ ഫോണിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പറയുന്നു. കേസുമായി മുന്നോട്ടുപോകരുതെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിൽനിന്ന് ചിലർ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു.

കിരണിൻ്റെ മരണവിവരമറിഞ്ഞ് അബുദാബിയിലായിരുന്ന മാതാപിതാക്കൾ ഇന്നലെ രാത്രി പാലക്കാട്ടെ ചെമ്പ്രയിലെ വീട്ടിലെത്തി. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് വീട്ടിലെത്തിച്ച് സംസ്കാരം നടത്തും.

Related Posts