ലൈംഗികപീഡനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണ ജയിലിനുള്ളിൽ നിയമവിരുദ്ധമായി മൊബൈൽ ഫോൺ ഉപയോഗിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് രേവണ്ണയുടെ പക്കൽനിന്ന് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തത്. ജയിൽ മുറിക്കുള്ളിൽ ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം.
പിടിച്ചെടുത്ത ഫോണിലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലും നടത്തിയ ഫോറൻസിക് പരിശോധനയിൽ ഡസൻകണക്കിന് അശ്ലീല വീഡിയോകൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
48 വയസ്സുകാരിയായ വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്. ഹാസൻ ജില്ലയിലെ ഹൊളെനരസീപുരയിലെ രേവണ്ണ കുടുംബത്തിൻ്റെ ഫാംഹൗസിൽ ജോലി ചെയ്തിരുന്ന സ്ത്രീ, 2021 മുതൽ പ്രജ്വൽ രേവണ്ണ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ആരോപിച്ചിരുന്നു.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സഹോദരീപുത്രനുമാണ് പ്രജ്വൽ രേവണ്ണ.