ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട സ്ത്രീ എഐ ഉപയോഗിച്ച് നിർമിച്ച അശ്ലീല വിഡിയോ കാട്ടി ഭീഷണിപ്പെടുത്തി യുവാവിൽനിന്ന് 1.85 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. 23 വയസ്സുകാരനാണ് തട്ടിപ്പിനിരയായത്.
കഴിഞ്ഞ മാസമാണ് യുവാവ് ഡേറ്റിങ് ആപ് വഴി സ്ത്രീയെ പരിചയപ്പെട്ടത്. പിന്നീട് സ്ത്രീ യുവാവിനെ വിഡിയോ കോൾ വിളിക്കുകയും തുടർന്ന് എഐ ഉപയോഗിച്ച് നിർമിച്ച അശ്ലീല വിഡിയോ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെ യുവാവ് സുഹൃത്തിൻ്റെ പക്കൽനിന്ന് പണം വാങ്ങി നൽകുകയായിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ് പൊലീസ്.