മലേഷ്യൻ പ്രധാനമന്ത്രിയുടെ കോഴിക്കോട് സന്ദർശനത്തോടനുബന്ധിച്ച് സെപ്റ്റംബർ 13ന് വൈകിട്ട് 5 മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലപ്പറമ്പ് വരെയും മലപ്പറമ്പ് മുതൽ കുന്നമംഗലം–മടവൂർ വരെയുമുള്ള റോഡുകളിലാണ് പ്രധാനമായും നിയന്ത്രണം.

വി.ഐ.പി. വാഹനവ്യൂഹം കടന്നുപോകുന്ന സമയത്ത് ബന്ധപ്പെട്ട റൂട്ടുകളിൽ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് പൊലീസ് ബദൽ റൂട്ടുകളും നിർദേശിച്ചിട്ടുണ്ട്.

വയനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ താമരശ്ശേരി–ബാലുശ്ശേരി–നന്മണ്ട–എരഞ്ഞിപ്പാലം വഴിയും, കൊടുവള്ളി ഭാഗത്തുനിന്നുള്ളവ പടനിലം–കളരിക്കണ്ടി–വരട്ട്യാക്ക്–പെരിങ്ങളം വഴിയും നഗരത്തിലേക്ക് പ്രവേശിക്കണം. മുക്കം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ചെത്തുകടവ്–പെരിങ്ങളം വഴിയും കണ്ണൂർ ഭാഗത്തുനിന്നുള്ളവ എലത്തൂർ–പാവങ്ങാട്–നടക്കാവ് വഴിയും പോകണം.

യൂണിവേഴ്സിറ്റി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ഇടിമൂഴിക്കൽ–രാമനാട്ടുകര–ഫറോക്ക്–ചെറുവണ്ണൂർ വഴി കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണമെന്നും നിർദേശമുണ്ട്.

നഗരത്തിൽനിന്ന് കുന്നമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മെഡിക്കൽ കോളജ്–മുണ്ടിക്കൽതാഴം–കോട്ടാംപറമ്പ്–മനത്താനത്ത് റോഡ് വഴി പോകണം. മലപ്പറമ്പ് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പൂളക്കടവ്–ഇരിങ്ങാടൻപള്ളി–മുണ്ടിക്കൽതാഴം–കോട്ടാംപറമ്പ്–മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് തിരിയണം.

വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാർ യാത്ര നേരത്തെ ആരംഭിക്കണമെന്ന് ട്രാഫിക് പൊലീസ് നിർദേശിച്ചു. മലപ്പറമ്പ് മുതൽ കുന്നമംഗലം–മടവൂർ വരെയുള്ള റോഡുകളിൽ വാഹന പാർക്കിങ് അനുവദിക്കില്ല.

Related Posts