അമേരിക്കയിലെ കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ 38കാരി വെടിയേറ്റ് കൊല്ലപ്പെട്ടു. സക്രാമെന്റോയിലെ ആർഡൻ ആർക്കേഡ് മേഖലയിലുള്ള ഒരു റസ്‌റ്ററന്റിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. ശാലിനി താക്കൂർ ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ജോലിസ്ഥലത്തേക്ക് എത്തിയ ശാലിനിയെ രോഹിത് എന്ന യുവാവ് തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിവരം. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശാലിനി ഓടിയെങ്കിലും രോഹിത് പിന്തുടർന്ന് നിരവധി തവണ വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിയേറ്റ് ശാലിനി നിലത്തുവീണതിന് പിന്നാലെ അടുത്തെത്തി തലയ്ക്ക് വെടിയുതിർക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്തുവെച്ചുതന്നെ യുവതി മരിച്ചതായാണ് വിവരം.
കൃത്യത്തിന് പിന്നാലെ രോഹിത് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതായി പൊലീസ് അറിയിച്ചു. ശാലിനിയെ ഇയാൾ കുറച്ചുകാലമായി പിന്തുടർന്ന് ശല്യം ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രോഹിത് നേരത്തെ അരിസോണയിൽ തടങ്കലിലായിരുന്നുവെന്നും അനധികൃതമായി അമേരിക്കയിൽ പ്രവേശിച്ച വ്യക്തിയാണെന്നും അധികൃതർ അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.