അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം സമാധാനത്തിലേക്ക് നീങ്ങുന്നതിനിടെ വീണ്ടും ആക്രമണം. അഫ്‌ഗാൻ അതിർത്തിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഏഴ് പാകിസ്താനി സൈനികരാണ് കൊല്ലപ്പെട്ടത്. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. ഈ അക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ കൂടുതൽ വീണ്ടും വർധിച്ചു.
വടക്കൻ വാരിസ്ഥാനിലെ പാക് സൈനിക ക്യാപിനോട് ചേർന്നാണ് ഇന്ന് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 13 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക ക്യാംപിലേക്ക് ഭീകരൻ ഓടിച്ചുകയറ്റിയെന്നാണ് സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നത്. ക്യാംപിലേക്ക് കടന്നുകയറി ആക്രമിക്കാൻ ശ്രമിച്ച 2 ഭീകരരെ വധിച്ചെന്ന് പാകിസ്ഥാൻ പറയുന്നു.
അതേസമയം ബജൗറിലെ മാമുണ്ട് തൻഗി ഷാ മേഖലയിലും സ്ഫോടനം ഉണ്ടായി. റോഡിന്റെ ഒരു വശത്ത് നിർത്തിയിട്ടിരുന്ന സ്ഫോടകവസ്തുക്കൾ നിറച്ച വാഹനത്തിൽ നിന്നും അതിശക്തമായ സ്ഫോടനം ഉണ്ടായതായാണ് പുറത്തുവരുന്ന വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് സുരക്ഷാസേന തമ്പടിച്ചിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങളുമായുള്ള സാധ്യത അന്വേഷിക്കുന്നതിന്റെ ഭാഗമാണ് സുരക്ഷാ സേന സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുകയാണ്.