തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സർക്കാരിൻ്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) സ്വീകരിക്കുന്നതിനുള്ള കരാർ ഇന്ന് ഒപ്പിടും. വിജിഎഫ് നടപടികൾ പൂർത്തിയാകുന്നതോടെ വിഴിഞ്ഞം പോർട്ടിൻ്റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാവുകയാണെന്ന് തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു.
ഇന്ന് രണ്ടു കരാറുകളാണ് ഒപ്പിടുന്നത്. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. കേന്ദ്രവുമായി തുറമുഖത്തു നിന്നുള്ള വരുമാനത്തിൻ്റെ 20 ശതമാനം പങ്കിടാമെന്ന രണ്ടാമത്തെ കരാറിൽ തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഒപ്പിടുക.
വിജിഎഫ് ആയി 817.80 കോടി രൂപ തരുന്നതിന് പകരം, തുറമുഖത്തുനിന്ന് സംസ്ഥാനത്തിനുള്ള വരുമാനത്തിൻ്റെ 20 ശതമാനം കേന്ദ്രവുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. മസ്കറ്റ് ഹോട്ടലിൽ ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക കാര്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.