ആർത്തവ അവധിയിൽ സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. ആർത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർത്ഥിനികളും സ്ത്രീകളുമുണ്ടെന്നും അവരെ ക്ലാസുകളിൽ പങ്കെടുപ്പിക്കാൻ നിർബന്ധിക്കരുതെന്നും മന്ത്രി പറഞ്ഞു. അവരെ പരിഗണിച്ചാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ആർത്തവ അവധി സംബന്ധിച്ച് യൂഡിഎഫിനകത്ത് അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി ഷംസുദ്ദീൻ വ്യക്തമാക്കി. പൊതുനിർദേശമായി ഉയർന്നുവന്ന വിഷയം സർക്കാർ പരിഗണിച്ചു എന്ന് മാത്രമേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

ആർത്തവ അവധി നൽകുമ്പോൾ കൗമാരക്കാർക്കിടയിൽ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും സാദ്ധ്യതയുണ്ടെന്നും കുട്ടികളെ മാറ്റി നിർത്തുന്നതിന് പകരം അവർക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും തൃക്കാക്കര എംഎൽഎ ഉമാ തോമസ് ആവശ്യപ്പെട്ടിരുന്നു. ആർത്തവം സ്ത്രീകൾക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അത് മാറ്റിനിർത്തേണ്ട ഒന്നല്ലെന്നും ഉമാ തോമസ് പറഞ്ഞിരുന്നു. ആർ ശ്രീലേഖയും നൂർബിന റഷീദും തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഒരുവിഭാഗം വിമർശനം ഉയർന്നതോടെയാണ് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്ന മന്ത്രി ഷംസുദ്ദീൻ്റെ പ്രതികരണം.

Related Posts