ഇന്ത്യയുടെ ഏറ്റവും പുതിയ ഗതിനിർണയ ഉപഗ്രഹമായ എൻ.വി.എസ്-03 (NVS-03) നിർദിഷ്ട ഭ്രമണപഥത്തിലെത്തി. ഭൂമിയിൽനിന്ന് 35,842.6 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം എത്തിയത്. ഇതോടെ ഇന്ത്യയുടെ സ്വന്തം ഗതിനിർണയ സംവിധാനമായ നാവിക് (NavIC) കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾക്ക് പുരോഗതിയായി.

എന്നാൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ നാവിക് സേവനങ്ങൾ പൂർണതോതിൽ ലഭ്യമാകാൻ ഇനിയും കാത്തിരിക്കണം. ഉപഗ്രഹത്തിൻ്റെ ഔദ്യോഗിക കമ്മിഷനിങ് പൂർത്തിയാക്കുന്നതിനൊപ്പം ആവശ്യമായ നിയമപരവും സാങ്കേതികവുമായ അനുമതികളും ലഭിക്കേണ്ടതുണ്ട്. ഇതിന് ശേഷമേ ഉപകരണങ്ങളിലേക്ക് നാവിഗേഷൻ, പൊസിഷനിങ് സേവനങ്ങൾ ലഭ്യമാക്കാനാകൂവെന്ന് ഐ.എസ്.ആർ.ഒ അധികൃതർ അറിയിച്ചു.

അമേരിക്കയുടെ ജിപിഎസിന് ഇന്ത്യൻ ബദൽ

നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (Navigation with Indian Constellation) എന്നതിൻ്റെ ചുരുക്കപ്പേരാണ് നാവിക്. അമേരിക്കയുടെ ജിപിഎസ് സംവിധാനത്തിന് സമാനമായി ഇന്ത്യ വികസിപ്പിച്ചെടുത്ത തദ്ദേശീയ ഉപഗ്രഹ അധിഷ്ഠിത ഗതിനിർണയ സംവിധാനമാണിത്. രാജ്യത്തിനകത്തും അതിർത്തിക്ക് ചുറ്റുമുള്ള 1,500 കിലോമീറ്റർ പരിധിയിലും ഗതിനിർണയ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.

നിലവിൽ നാവിക് സംവിധാനത്തിനായി നാല് ഉപഗ്രഹങ്ങളാണുള്ളത്. ഗുവാഹത്തി, അഹമ്മദാബാദ്, ഫരീദാബാദ്, ബെംഗളൂരു, ഭുവനേശ്വർ തുടങ്ങിയ നഗരങ്ങളിൽ ആറ്റോമിക് ക്ലോക്കുകളുമായി ബന്ധപ്പെട്ട അനുബന്ധ ഗ്രൗണ്ട് സ്റ്റേഷനുകളുമുണ്ട്. ഉപഗ്രഹങ്ങളിൽ നിന്നുള്ള സമയ-സ്ഥാന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിൽ ഈ സംവിധാനങ്ങൾക്ക് പ്രധാന പങ്കുണ്ട്.

രണ്ട് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കും

നിലവിലുള്ള ഉപഗ്രഹങ്ങളുടെ എണ്ണം ഉപയോഗിച്ച് പരിമിതമായ രീതിയിൽ മാത്രമേ സേവനങ്ങൾ ലഭ്യമാക്കാനാകൂ. പൂർണതോതിലുള്ള നാവിക് സേവനങ്ങൾ ഉറപ്പാക്കാൻ എൻ.വി.എസ്-04, എൻ.വി.എസ്-05 എന്നീ രണ്ട് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കേണ്ടതുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ ഇവയുടെ വിക്ഷേപണം നടത്താനാണ് ഐ.എസ്.ആർ.ഒയുടെ പദ്ധതി. അതുവരെ നാവിക് സേവനങ്ങൾ പരിമിതമായിരി

ഇന്ത്യയിൽ ഉപയോഗിക്കുന്ന ആപ്പിൾ, സാംസങ്, ഷവോമി, ഓപ്പോ, റിയൽമി, വൺപ്ലസ്, വിവോ തുടങ്ങിയ കമ്പനികളുടെ നിരവധി മൊബൈൽ ഫോണുകളിൽ നാവിക് സംവിധാനത്തെ പിന്തുണയ്ക്കുന്നതിനുള്ള ഹാർഡ്‌വെയർ സൗകര്യമുണ്ട്. ആവശ്യമായ സാങ്കേതിക അനുമതികളും സേവന സജ്ജീകരണങ്ങളും പൂർത്തിയാകുന്നതോടെ ഈ ഫോണുകളിലൂടെ നാവിക് സേവനങ്ങൾ പ്രയോജനപ്പെടുത്താനാകും.

ഒക്ടോബർ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ജി.എസ്.എൽ.വി എഫ്-18 റോക്കറ്റ് ഉപയോഗിച്ചാണ് എൻ.വി.എസ്-03 വിക്ഷേപിച്ചത്. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ ഗതിനിർണയ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൽ ഈ ദൗത്യം നിർണായകമാണ്.

Related Posts