കർണാടകയിൽ 25,000 പ്രീ സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; രജിസ്ട്രേഷൻ ചട്ടങ്ങൾ ലളിതമാക്കണമെന്ന് ആവശ്യം
സംസ്ഥാനത്തെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന പ്രീ സ്കൂളുകളുടെ നിലനിൽപ്പ് ഉറപ്പാക്കാൻ നിലവിലുള്ള രജിസ്ട്രേഷൻ ചട്ടങ്ങൾ പുനഃപരിശോധിച്ച് ലളിതമാക്കണമെന്ന് കർണാടക കൗൺസിൽ ഓഫ് പ്രീസ്കൂൾസ് സർക്കാരിനോട് ആവശ്യപ്പെട്ടു. നിർദേശിച്ചിട്ടുള്ള പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കിയാൽ സംസ്ഥാനത്തെ 25,000-ത്തിലധികം പ്രീ സ്കൂളുകൾ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാകുമെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകി.
വാർത്താസമ്മേളനത്തിലാണ് കൗൺസിൽ ഇക്കാര്യം ഉന്നയിച്ചത്. പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് പ്രീ സ്കൂൾ മേഖലയിൽ പ്രവർത്തിക്കുന്ന കുറഞ്ഞത് നാല് ലക്ഷം വനിതാ സംരംഭകരുടെ ഉപജീവനത്തെയും തൊഴിൽ അവസരങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ചെറിയ രീതിയിൽ സ്വതന്ത്രമായി പ്രീ സ്കൂളുകൾ നടത്തുന്ന വനിതാ സംരംഭകർക്ക് കർശനമായ രജിസ്ട്രേഷൻ നടപടികളും അനുബന്ധ നിബന്ധനകളും വലിയ സാമ്പത്തികവും ഭരണപരവുമായ ബാധ്യതയാകുമെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.
പ്രീ സ്കൂളുകൾ അടച്ചുപൂട്ടേണ്ടിവന്നാൽ കുട്ടികളുടെ പ്രാരംഭ വിദ്യാഭ്യാസത്തെ മാത്രമല്ല, മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതിയെയും അത് ബാധിക്കും. പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരും ഇടത്തരം വരുമാനക്കാരുമായ കുടുംബങ്ങൾക്ക് കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് വർധിക്കാൻ സാധ്യതയുണ്ടെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.
പ്രീ സ്കൂൾ മേഖലയിലെ ഗുണനിലവാരവും കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം ചെറുകിട സ്ഥാപനങ്ങൾക്ക് പ്രവർത്തനം തുടരാൻ കഴിയുന്ന തരത്തിൽ രജിസ്ട്രേഷൻ വ്യവസ്ഥകൾ ലളിതമാക്കണമെന്നാണ് കൗൺസിലിൻ്റെ പ്രധാന ആവശ്യം. സർക്കാർ വിഷയത്തിൽ പുനഃപരിശോധന നടത്തി പ്രായോഗികമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.