പതിനാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള സമാപിച്ചു. ശനിയാഴ്ച വൈകീട്ട് ഇൻഫൻ്ററി റോഡിലെ സുലോചന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ താവർ ചന്ദ് ഗഹലോട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കർണാടക ചലനചിത്ര അക്കാദമി പ്രസിഡൻ്റ് നരസിംഹലു, കർണാടക തൊഴിൽ മന്ത്രി സന്തോഷ് എസ്. ലാഡ്, എം.പി പി.സി. മോഹൻ, എം.എൽ.എ റിസ്വാൻ അർഷദ്, ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, കർണാടക ചലനചിത്ര അക്കാദമി ചെയർമാൻ ഡോ. സാധു കോകില, നടൻ കിഷോർ കുമാർ, ബി.ബി കാവേരി, ഹേമന്ത് എം. നിംബൽകർ തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു.
60 രാജ്യങ്ങളിൽ നിന്നായി വിവിധ വിഭാഗത്തിൽപ്പെടുന്ന 200 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. രാജാജി നഗർ ഓറിയോൺ മാളിലെ 11 സ്ക്രീനുകൾക്ക് പുറമെ സുചിത്ര ഫിലിം സൊസൈറ്റി, ചാമരാജ് പേട്ടിലെ ഡോ. അംബരീഷ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് സിനിമകൾ പ്രദർശിപ്പിച്ചത്. 13 സ്ക്രീനുകളിലായി 400 ഓളം പ്രദർശനങ്ങൾ നടന്നു.
കാനഡ, യു.കെ, യു.എസ്.എ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, ബെൽജിയം, സൗത്ത് കൊറിയ, പോളണ്ട്, ജോർജിയ, ബ്രസീൽ, ഫിൻലൻഡ്, നെതർലൻഡ്, ഇറാൻ, അർജൻ്റീന, ഡെൻമാർക്ക്, ഗ്രീസ്, റഷ്യ, ജപ്പാൻ, ഫിലിപ്പിൻസ്, റുമേനിയ, സ്പെയ്ൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഇത്തവണ പ്രദർശനത്തിന് എത്തിയിരുന്നു. യൂനിവേഴ്സൽ പീസ് ഇൻ ഡൈവേഴ്സിറ്റി എന്നതായിരുന്നു മേളയുടെ പ്രമേയം.