ഗുണ്ടാനേതാവും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ യുവാവിനെ ബെംഗളൂരുവില്‍ വെട്ടിക്കൊന്നു ഹലസൂരു സ്വദേശി ശിവകുമാര്‍ എന്ന ബികലു ശിവു (40) ആണ് മരിച്ചത്. ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ ബൈരതി ബസവരാജ് ഉള്‍പ്പെടെ സംഭവത്തില്‍ 5 പേരുടെ പേരില്‍ കേസെടുത്തു.
കിരണ്‍, വിമല്‍, ജഗദീഷ്, അനില്‍ എന്നിവരാണ് മറ്റുപ്രതികള്‍. ശിവകുമാറിന്‍റെ അമ്മ വിജയലക്ഷ്മി നല്‍കിയ പരാതിയിലാണ് കേസ്. എംഎല്‍എയുടെ പ്രേരണയെത്തുടര്‍ന്നാണ് കൊലപാതകമെന്ന് പരാതിയില്‍ പറയുന്നു.
ബൈക്കുകളിലും കാറിലുമെത്തിയ സംഘം ഭാരതിനഗറിലെ വീടിനു പുറത്തു നിൽക്കുകയായിരുന്ന ശിവകുമാറിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഘത്തിൽ 9 പേരുണ്ടായിരുന്നെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു ആക്രമണം. സംഘം കൊലയ്ക്കുശേഷം രക്ഷപ്പെട്ടു.
2023-ൽ ശിവകുമാർ കിത്തഗനൂരിൽ വാങ്ങിയ സ്ഥലവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. ബൈരതി ബസവരാജ് എംഎൽഎ, ജഗദീഷ്, കിരൺ എന്നിവരിൽ നിന്ന് ഈ സ്ഥലത്തിന്‍റെ പേരിൽ ഭീഷണി നേരിട്ടിരുന്നതായി ഇയാൾ പോലീസിൽ പരാതിനൽകിയിട്ടുണ്ട്.
കൊല്ലപ്പെട്ട ശിവകുമാർ പത്തിലധികം ക്രിമിനൽക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എംഎൽഎയുടെ പേരിലുൾപ്പെടെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ അഞ്ചാംപ്രതിയാണ് എംഎൽഎ.