തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ചരക്കുട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറിശ്രമമെന്ന് സംശയം. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തി. എന്നാൽ , അപകടകാരണ ത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് അധികൃതർ അറിയിച്ചു. റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥർ അപകടത്തിനു പിന്നാലെ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. അപകടത്തെക്കുറിച്ച് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെ 5.30 ഓടെയാണ് തിരുവള്ളൂർ റെയിൽവെ സ്റ്റേഷന് സമീപത്ത് ചരക്കു ട്രെയിനിന് തീപിടിച്ച് അപകടമുണ്ടായത്. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിന്റെ 5 ബോഗികൾ കത്തിനശിച്ചു. തീ നിയന്ത്രണവിധേയമാക്കിയത് പത്തിലധികം ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ്. അപകടത്തിൽപ്പെട്ട ട്രെയിനിലെ തീ 70 ശതമാനത്തോളം നിയന്ത്രിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 27,000 ലിറ്റർ ഡീസൽ ട്രെയിനിൽ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.