യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന റിപ്പോർട്ടുകൾക്കിടെ വിശദീകരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ദീർഘകാലത്തേക്ക് ശക്തമായി നിലനിർത്തുന്നതിനും കൂടുതൽ വ്യാപകമാക്കുന്നതിനും ന്യായമായ ഫീസ് ഘടന സഹായിക്കുമെന്ന് ആർബിഐ വ്യക്തമാക്കി.

യുപിഐ സേവനം കൂടുതൽ ആളുകളിലേക്കും വ്യാപാരികളിലേക്കും എത്തിക്കുന്നതിനൊപ്പം സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, പേയ്മെന്റ് സംവിധാനങ്ങളുടെ സുരക്ഷ എന്നിവയിൽ ആവശ്യമായ നിക്ഷേപം വർധിപ്പിക്കാനും ഫീസ് സംവിധാനം സഹായിക്കുമെന്നാണ് ആർബിഐയുടെ വിശദീകരണം.

അതേസമയം, വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള (P2P), വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്കുള്ള (P2M) യുപിഐ ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ചാർജ് ഈടാക്കില്ല. അതിനാൽ യുപിഐ ഉപയോഗിക്കുന്ന സാധാരണ ഉപഭോക്താക്കൾക്ക് ഇടപാടിൻ്റെ പേരിൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നാണ് ആർബിഐ വ്യക്തമാക്കുന്നത്.

വ്യാപാരി ഇടപാടുകളിൽ 2,000 രൂപ വരെയുള്ള യുപിഐ പേയ്മെന്റുകളും സൗജന്യമായി തുടരും. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ബാധകമാകുന്ന ഫീസ് വ്യാപാരികളിൽ നിന്നായിരിക്കും ഈടാക്കുക. ഉപഭോക്താവിൽ നിന്ന് നേരിട്ട് പണം ഈടാക്കുന്ന രീതിയല്ല പുതിയ സംവിധാനമെന്നും ആർബിഐ വ്യക്തമാക്കി.

ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് ആവശ്യമായ നിക്ഷേപവും അടിസ്ഥാന സൗകര്യ വികസനവും ഉറപ്പാക്കുന്നതിനൊപ്പം യുപിഐയുടെ വ്യാപനം തുടരുകയാണ് ലക്ഷ്യമെന്നും ആർബിഐ വിശദീകരിച്ചു.

Related Posts