ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പൊലീസ് സംഘം അതിക്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ പ്രസവിച്ച യുവതി മരിച്ചു. ഫിറോസാബാദ് ഷിക്കോഹാബാദ് സ്വദേശിനി അഞ്ജലി (28) ആണ് മരിച്ചത്. സംഭവത്തിൽ ആറ് പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

മോഷണക്കേസിലെ പ്രതിയായ അഞ്ജലിയുടെ ഭർത്താവ് ഗൗരവിനെ അന്വേഷിച്ചാണ് ഞായറാഴ്ച രാത്രി 11.45ഓടെ പൊലീസ് സംഘം വീട്ടിലെത്തിയത്. ഗൗരവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകരുതെന്ന് ആവശ്യപ്പെട്ട അഞ്ജലിയുടെ വയറ്റിൽ സംഘത്തിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ധർമപാൽ സിങ് ചവിട്ടിയെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ചവിട്ടേറ്റതിനെ തുടർന്ന് അഞ്ജലി നിലത്തുവീണ ശേഷമാണ് പൊലീസ് ഗൗരവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്നും കുടുംബം പറയുന്നു. തുടർന്ന് ആരോഗ്യനില വഷളായ അഞ്ജലിയെ ഷിക്കോഹാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പ്രസവിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. പിന്നീട് ഫിറോസാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവജാതശിശുവിൻ്റെ ആരോഗ്യനിലയും ഗുരുതരമാണെന്നാണ് വിവരം.

യുവതിയുടെ മരണത്തിന് പിന്നാലെ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കി. സമാജ്‌വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി റാംജിലാൽ സുമൻ ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപരോധം നടത്തി. പൊലീസുകാർക്കെതിരെ കൊലക്കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ആവശ്യം.

ഇതിന് പിന്നാലെയാണ് ആറ് പൊലീസുകാർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. എസ്‌ഐമാരായ ധർമപാൽ സിങ്, സത്യപാൽ സിങ്, ഹെഡ് കോൺസ്റ്റബിൾമാരായ മോഹൻ സിങ്, അരവിന്ദ് കുമാർ, കോൺസ്റ്റബിൾമാരായ ഭവ്തോഷ് കുമാർ, കുൽദീപ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Related Posts