സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ദീർഘകാല, ഹ്രസ്വകാല കരാറുകൾക്കുള്ള ശ്രമങ്ങൾ തുടരുകയാണെന്നും നിലവിലെ വൈദ്യുതി നിയന്ത്രണം ക്രമേണ കുറച്ചുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധി പരിഹരിക്കുന്നതിൻ്റെ ഭാഗമായി എൻടിപിസിയുമായി ചർച്ച നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിൻ്റെ ഭാവി വൈദ്യുതി ആവശ്യങ്ങൾ പരിഗണിച്ച് പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. റിപ്പോർട്ടർ ചാനലിലെ പരിശോധനയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. എസ്ഐടി അന്വേഷണത്തിൻ്റെ ഭാഗമായാണ് പരിശോധന നടന്നതെന്നും വാർത്താ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് നിക്ഷേപ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനും നിക്ഷേപകരെ ആകർഷിക്കുന്നതിനുമായി ‘സരൾ കേരളം’ പദ്ധതി നടപ്പാക്കാനും സർക്കാർ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി 19 നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിക്ഷേപ അനുമതികൾ വേഗത്തിലാക്കുകയും വ്യവസായ-നിക്ഷേപ രംഗത്തെ നടപടിക്രമങ്ങൾ ലളിതമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.