വയനാട് കള്ളാടിയിലെ തുരങ്കപാത നിർമ്മാണ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അഞ്ചുപേർക്കായുള്ള തെരച്ചിൽ ഇന്ന് കൂടുതൽ ഊർജിതമാക്കും. രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി കെടാവർ നായ്ക്കളെയും പ്രത്യേക സംഘത്തെയും വിന്യസിക്കും.
ഇന്നലെ രാവിലെ മീനാക്ഷി പാലത്തിന് സമീപമാണ് തുരങ്കപാത നിർമാണ മേഖലയോട് ചേർന്ന് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. കരാർ കമ്പനിയിലെ ജീവനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ, മേൽനോട്ട ചുമതലയിലുണ്ടായിരുന്നവർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികൾ മരിക്കുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്തു.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർന്ന് എയർലിഫ്റ്റ് ചെയ്ത് സ്വദേശങ്ങളിലെത്തിക്കും. വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ഏഴുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഉച്ചയോടെ അപകടസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തും. അതേസമയം, പ്രദേശത്ത് തുടരുന്ന കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തെരച്ചിൽ ദൗത്യത്തിന് വലിയ വെല്ലുവിളിയാണ്.
അപകടത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള ഏക റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ചൂരൽമല–അട്ടമല മേഖലകൾ ഒറ്റപ്പെട്ട നിലയിലാണ്. നിർമാണ തൊഴിലാളികൾക്ക് പുറമെ വിനോദസഞ്ചാരികളോ മറ്റാരെങ്കിലുമോ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സാധ്യതയും അധികൃതർ പരിശോധിച്ചുവരികയാണ്.