‘ജെഎസ്‌കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രം ജൂലായ് 17-ന് തിയേറ്ററുകളിലെത്തും. ഇക്കാര്യം പുറത്തുവിട്ടത് നടൻ സുരേഷ് ​ഗോപി തന്നെയാണ്. വലിയ വിവാദങ്ങൾക്കൊടുവിൽ ശനിയാഴ്ചയായിരുന്നു ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി ലഭിച്ചത്. യു/എ 16+ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

സർട്ടിഫിക്കേഷനായി അയച്ചിരുന്നത് സെൻസർ ബോർഡ് നിർദേശങ്ങൾ പ്രകാരമുള്ള എഡിറ്റ് ചെയ്‌ത പതിപ്പാണ്. പേരിനൊപ്പം ഇനീഷ്യൽ ചേർക്കണമെന്നും ചിത്രത്തിൻ്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു സെൻസർ ബോർഡിൻ്റെ ആവശ്യം. ടൈറ്റിലിൽ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും അതുപോലെ 96 കട്ടുകൾക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു.

ചിത്രം ഈ മാറ്റങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് റീ എഡിറ്റ് ചെയ്‌തത്‌. തുടർന്ന്, സെൻസർ ബോർഡ് വെള്ളിയാഴ്ച തന്നെ ചിത്രം കണ്ടുവിലയിരുത്തി. ഇതിന് പിന്നാലെ ശനിയാഴ്‌ചയാണ് പ്രദർശനാനുമതി നൽകിയത്. ചിത്രത്തിന്‍റെ നിർമ്മാണത്തിൻ്റെ ഒരുഘട്ടത്തിലും പ്രതീക്ഷിക്കാത്ത പ്രതിസന്ധിയാണ് പേരിനെച്ചൊലി നേരിടേണ്ടിവന്നതെന്ന് ചിത്രത്തിന്‍റെ സംവിധായകൻ പ്രവീൺ നാരായണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

സുരേഷ്‌ഗോപി, അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്‌ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

Related Posts