32 വർഷത്തിന് ശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്നു; ‘പദയാത്ര’ ട്രെയിലറിന് വൻ സ്വീകാര്യത
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമായി ‘പദയാത്ര’ എത്തുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയിലറിന് യുട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ട്രെയിലർ ഇതിനകം 1.2 മില്യൺ കാഴ്ചകൾ പിന്നിട്ടു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രമായ ‘പദയാത്ര’യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.
32 വർഷത്തിന് ശേഷമാണ് മമ്മൂട്ടി അടൂർ ഗോപാലകൃഷ്ണൻ്റെ സംവിധാനത്തിൽ വീണ്ടും അഭിനയിക്കുന്നത്. ‘അനന്തരം’, ‘മതിലുകൾ’, ‘വിധേയൻ’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി-അടൂർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ‘മതിലുകൾ’, ‘വിധേയൻ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേർന്നാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പീരിയഡ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിൽ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് അവതരിപ്പിക്കുന്നതെന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. ഡോക്ടർ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഇന്ദ്രൻസ്, ഗ്രേസ് ആന്റണി, ജഗദീഷ്, അലിയാർ, ശ്രീഷ്മ ചന്ദ്രൻ, അലൻസിയർ, ലേ ലോപ്പസ്, മധുപാൽ, നന്ദു, പി. ശ്രീകുമാർ, സീനത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഷെഹനാദ് ജലാൽ ആണ് ഛായാഗ്രഹണം. മുജീബ് മജീദ് സംഗീതവും പ്രവീൺ പ്രഭാകർ എഡിറ്റിംഗും നിർവഹിക്കുന്നു. ഷാജി നടുവിൽ കലാസംവിധാനം നിർവഹിക്കുന്നു.